ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹിക ചരിത്രം

മലയാള വര്‍ഷം 1094-ല്‍ എരുമപ്പെട്ടിയുള്‍പ്പെട്ട കരിയന്നൂര്‍ ഗ്രൂപ്പ് പഞ്ചായത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ ആദ്യപ്രസിഡന്റ് മുണ്ടനാട്ട് നീലകണ്ഠന്‍ നമ്പൂതിരി ആയിരുന്നു. പഴയ കൊച്ചി രാജ്യത്തിലായിരുന്നപ്പോള്‍ കരിയന്നൂര്‍ പഞ്ചായത്ത് എന്ന പേരിലായിരുന്നു ഈ പ്രദേശം വിളിക്കപ്പെട്ടതും പ്രവര്‍ത്തനം ആരംഭിച്ചതും. പിന്നീട് എരുമപ്പെട്ടി പഞ്ചായത്ത് എന്നാക്കി മാറ്റി. പണ്ടുകാലത്ത് ധാരാളം എരുമകളെ വളര്‍ത്തിയിരുന്ന ഗ്രാമമായിരുന്നതുകൊണ്ടാവാം എരുമപ്പെട്ടി എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു. കൃഷിയേക്കാള്‍ അക്കാലത്ത് ജനങ്ങളുടെ പ്രധാന സമ്പത്തും വളര്‍ത്തുമൃഗങ്ങളായിരുന്നു. തമിഴില്‍ പട്ടി എന്ന പദത്തിനര്‍ത്ഥം ഗ്രാമം എന്നാണ്. ആദ്യം എരുമപ്പട്ടി എന്ന പേരിലറിയപ്പെട്ട ഗ്രാമം കാലക്രമത്തില്‍ എരുമപ്പെട്ടിയായി മാറിയതാവാം. ആദ്യകാലങ്ങളില്‍ എരുമപ്പെട്ടി പഞ്ചായത്ത് വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഈ ആഫീസ് മങ്ങാട്ടേയ്ക്ക് മാറ്റി. ഭൂമി അധികവും സവര്‍ണ്ണ ജാതിക്കാരായ ജന്മികളുടേതായിരുന്നു. ദേവസ്വം വക വസ്തുക്കളാകട്ടെ മധ്യവര്‍ത്തികളുടെ കയ്യിലും. ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന പാട്ടക്കുടിയാന്‍മാരുടെയും കൂലിപ്പണിക്കാരുടെയും ജീവിതം അക്കാലത്ത് ദുരിതപൂര്‍ണ്ണമായിരുന്നു. വീടുകളധികവും ഓലയും വയ്ക്കോലും മേഞ്ഞവയായിരുന്നു. ചുരുക്കം ചിലത് ഓടു മേഞ്ഞതും. ആ കാലഘട്ടത്തില്‍ ജീവിതമാര്‍ഗ്ഗം തേടി ഈ പഞ്ചായത്തില്‍ നിന്ന് വിദ്യാസമ്പന്നരും അല്ലാത്തവരുമായി വളരെയധികം ആളുകള്‍ ബോംബെമദ്രാസ്ഡല്‍ഹി മുതലായ നഗരങ്ങളില്‍ എത്തി. നെല്ലുവായ്മുരിങ്ങത്തേരികൂട്ടഞ്ചേരി മുതലായ ഗ്രാമങ്ങളിലെ കുറെ കുടുംബങ്ങള്‍ ബോംബെയിലും മറ്റും സ്ഥിരതാമസമാക്കിയിട്ടുണ്ട്. ഇതിനുപുറമെ കുറെയാളുകള്‍ മലയാസിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും എത്തി. 1975-നുശേഷം പഞ്ചായത്തില്‍ നിന്ന് നൂറുകണക്കിനാളുകള്‍ ഗള്‍ഫുനാടുകളില്‍ എത്തിച്ചേര്‍ന്നു. അതോടുകൂടി വളരെയധികം കുടുംബങ്ങള്‍ സാമ്പത്തികമായി രക്ഷപ്പെട്ടു. വിദേശങ്ങളിലേക്ക് ഇവിടെയുള്ളവര്‍ ജോലി തേടിപ്പോയത് ഈ പഞ്ചായത്തിലെ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കും അതുവഴി സാംസ്കാരിക വളര്‍ച്ചയ്ക്കും വഴിയൊരുക്കി. മുന്‍കാലത്ത് വര്‍ത്തമാനകാലത്തെ ഗള്‍ഫ് പോലെ പ്രാമുഖ്യമുള്ള തൊഴിലുറവിടമായിരുന്നു സിലോണിലെ കൊളമ്പ് (ഇന്നത്തെ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളമ്പോ). അക്കാലത്ത് കൊളമ്പില്‍ ജോലിയുണ്ടായിരുന്ന ആളുകളെ അത്ഭുതാദരവോടെ ഇവിടെയുള്ളവര്‍ വീക്ഷിച്ചിരുന്നു. 1959-ല്‍ കേരള നിയമസഭ പാസ്സാക്കിയ കാര്‍ഷിക ബന്ധബില്ല് കേരളീയ സമൂഹത്തില്‍ ഒരു നൂതനാധ്യായം സൃഷ്ടിച്ചു. 1970 ജനുവരി 1 മുതല്‍ ജന്മിത്വം അവസാനിച്ചു. പാട്ടമളന്ന് പട്ടിണിയിലായിപ്പോയ കര്‍ഷകന് ഭൂമി സ്വന്തമായി. 1940-കളുടെ ഒടുവില്‍ വരെ കൊടും വേനല്‍ക്കാലങ്ങളില്‍ വഴിപോക്കര്‍ക്ക് ദാഹജലം കൊടുക്കുന്നതിനുള്ള തണ്ണീര്‍പന്തലുകള്‍ പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ ഉണ്ടായിരുന്നു. കരിങ്കല്‍ കുഴിതാളികളും മരപ്പാത്തികളും ഇതിനായുപയോഗിച്ചിരുന്നു. ചിലയിടങ്ങളില്‍ സംഭാരമാണ് കൊടുത്തിരുന്നത്. അന്നത്തെ പ്രമുഖ തറവാട്ടുകാരാണ് അതൊക്കെ ഏര്‍പ്പെടുത്തിയിരുന്നത്. എരുമപ്പെട്ടി സ്ക്കൂളിന്റെ പ്രാരംഭദശയില്‍ (1909) സ്ക്കൂളിന് കിണര്‍ ഇല്ലാതിരുന്നതിനാല്‍ അധ്യാപകരും കുട്ടികളും വെള്ളം കുടിക്കാന്‍ ആശ്രയിച്ചിരുന്നത് സ്ക്കൂളിന്റെ പടിഞ്ഞാറുവശത്ത് കൊട്ടിലിങ്കല്‍ നടത്തിയിരുന്ന തണ്ണീര്‍പന്തല്‍ ആയിരുന്നുവെന്ന് സ്ക്കൂള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ഞമാസങ്ങളില്‍ (മിഥുനംകര്‍ക്കടകം) ചില തറവാട്ടുകാര്‍ കഞ്ഞിവീത്ത് (കഞ്ഞി വിതരണം) നടത്തിയിരുന്നു. തണ്ണീര്‍പന്തലില്‍ വെള്ളം കുടിക്കുന്നതിനും കഞ്ഞി വീത്തിനും കവുങ്ങിന്റെ കോട്ടിയ പാളയാണ് ഉപയോഗിച്ചിരുന്നത്. മഴ കൊള്ളാതിരിയ്ക്കാന്‍ ആളുകള്‍ ഓലക്കുടയും പണിക്കാര്‍ പാളത്തൊപ്പിയുമാണ് അക്കാലത്ത് ഉപയോഗിച്ചിരുന്നത്. എരുമപ്പെട്ടി പളളിയില്‍ കൊണ്ടാടിയിരുന്ന അന്തോണീസ് പുണ്യവാളന്റെ പെരുന്നാളിനു ആളുകള്‍ വാണ്യപ്പെരുന്നാള്‍ എന്നാണ് പറഞ്ഞിരുന്നത്. പണ്ട് എരുമപ്പെട്ടി അങ്ങാടിയും ചന്തയും വൃത്തിയാക്കുന്നതിന് പഞ്ചായത്തില്‍ നിന്നും ഒരാളെ ഏര്‍പ്പാട് ചെയ്തിരുന്ന കാര്യം ശ്രദ്ധേയമാണ്. സ്വാതന്ത്ര്യം നേടിയിട്ട് വളരെക്കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും പഞ്ചായത്തില്‍പെട്ട ഗ്രാമങ്ങളില്‍ അന്ധവിശ്വാസങ്ങളുംതീണ്ടല്‍തൊടീല്‍ മുതലായ അനാചാരങ്ങളും നിലനിന്നിരുന്നു. ഏതു രംഗത്തും സവര്‍ണ്ണ മേധാവിത്വം പ്രകടമായിരുന്നു. ക്ഷേത്രങ്ങളില്‍ സവര്‍ണ്ണര്‍ക്കു മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. ചിറ്റണ്ട കാര്‍ത്ത്യായനി ക്ഷേത്രത്തിലും ശങ്കരന്‍കാവ് ക്ഷേത്രത്തിലും അവര്‍ണ്ണര്‍ക്ക് പ്രവേശനം കിട്ടിയത് അടുത്തകാലത്താണ്. കൂത്ത്കൂടിയാട്ടംകഥകളിഉടുക്കുപാട്ട്, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ കലാരൂപങ്ങള്‍ ഉത്സവവേളകളില്‍ അരങ്ങേറുക പതിവായിരുന്നു. പൊറാട്ടുനാടകങ്ങളും ഗ്രാമവേദികളില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. കുട്ടഞ്ചേരിയിലെ ചാക്യാര്‍ ഭവനം കൂത്തിന് പ്രസിദ്ധമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂത്തു നടത്താനുള്ള അവകാശം ഇന്നും ഈ വീട്ടുകാര്‍ക്കാണ്. മുരിങ്ങത്തേരി ദേശത്ത് ഇപ്പോള്‍ വസിക്കുന്ന കാവുങ്കല്‍ തറവാട്ടുകാര്‍ കഥകളിയില്‍ പ്രസിദ്ധരാണ്. മുരിങ്ങത്തേരിയിലെ പുള്ളുവന്‍മാര്‍ പാട്ടിലും ഉടുക്കുകൊട്ടിലും സര്‍പ്പകളങ്ങള്‍ നടത്തുന്നതിലും പ്രസിദ്ധരും വിദഗ്ദ്ധരുമാണ്.

കാര്‍ഷിക ചരിത്രം

കുന്നുകളും താഴ്വരകളും നെല്‍പാടങ്ങളും നിറഞ്ഞ പ്രകൃതി മനോഹരമായ പ്രദേശമാണ് ഈ പഞ്ചായത്ത്. വടക്കാഞ്ചേരി പുഴ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. ഇവിടുത്തെ ജനങ്ങളില്‍ തൊണ്ണൂറു ശതമാനവും പരമ്പരാഗത കര്‍ഷകരാണ്. മുന്‍കാലത്ത് ഭൂമി അധികവും സവര്‍ണ്ണ ജാതിക്കാരായ ജന്മികളുടേതായിരുന്നു. ദേവസ്വം വക വസ്തുക്കളാകട്ടെ മധ്യവര്‍ത്തികളുടെ കയ്യിലും. ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന പാട്ടക്കുടിയാന്‍മാരുടെയും കൂലിപ്പണിക്കാരുടെയും ജീവിതം അക്കാലത്ത് ദുരിതപൂര്‍ണ്ണമായിരുന്നു. എള്ള്മുതിരഉഴുന്ന്ചാമകഞ്ഞിപ്പുല്ല് (റാഗി)പച്ചക്കറി എന്നിവയൊക്കെ അക്കാലത്ത് പരക്കെ കൃഷി ചെയ്തിരുന്നുവെന്ന് കര്‍ഷക കാരണവന്‍മാര്‍ അഭിപ്രായപ്പെടുന്നു. കര്‍ഷകര്‍ മുഖ്യമായും നെല്‍കൃഷിയെ മാത്രം ആശ്രയിച്ചിരുന്നതുകൊണ്ട് ഈ പ്രദേശം സാമ്പത്തികമായി പിന്നണിയിലായിപ്പോയിരുന്നു. കാലാവസ്ഥയെ ആശ്രയിച്ചാണ് അധികമാളുകളും കൃഷി ചെയ്തിരുന്നത്. കാളത്തേക്കുംകയിരിത്തുലാനുംവേത്തിയും മറ്റും ജലസേചനത്തിന് ഉപയോഗിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ പഞ്ചായത്തിലെ പ്രധാന കാര്‍ഷികോല്‍പ്പന്ന കച്ചവടകേന്ദ്രം എരുമപ്പെട്ടി തിരുഹൃദയ പള്ളിവക മാര്‍ക്കറ്റായിരുന്നു. 1932-ലാണ് അതിന്റെ ആരംഭം. അതിനുമുമ്പ് ഇന്നത്തെ പോലീസ് സ്റ്റേഷന്റെ പരിസരത്ത് ഒരു പ്രൈവറ്റ് ചന്ത ഉണ്ടായിരുന്നതാണ് പള്ളി സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത്. കാര്‍ഷികോല്പന്നങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ആ ദിവസങ്ങളില്‍ ചന്തയില്‍ വില്പനയ്ക്ക് എത്തും. ഓണച്ചന്തയും വിഷുചന്തയും ഗംഭീരമായിരുന്നു. ഓണച്ചന്തയില്‍ എത്തുന്ന ഏറ്റവും നല്ല നേന്ത്രക്കുലക്ക് സമ്മാനമായി സ്വര്‍ണ്ണമെഡല്‍ നല്‍കുമായിരുന്നു. ഈ മാര്‍ക്കറ്റില്‍ എല്ലാ വര്‍ഷവും തുലാമാസത്തിലെ ആദ്യത്തെ ശനിയാഴ്ച നടത്തിയിരുന്ന മഹാവാണ്യം പ്രസിദ്ധമാണ്. കാളത്തേക്കിനുള്ള ഇരുമ്പുകൊട്ടതുമ്പി (തോല് കൊണ്ട് നിര്‍മ്മിക്കുന്നത്)കമ്പക്കയര്‍തുമ്പിക്കയര്‍പായ്കൊട്ടകള്‍, മരോപകരണങ്ങള്‍ മുതലായവ അന്നേദിവസം വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നു.

അടിസ്ഥാനമേഖലാ ചരിത്രം

1909-ല്‍ ഒരു പ്രൈമറി വിദ്യാലയം തുടങ്ങിയതോടെയാണ് സ്ക്കൂളിന്റെ ആരംഭം. 1945-ല്‍ ഹൈസ്ക്കൂള്‍ ക്ലാസ്സ് അനുവദിക്കപ്പെട്ടു. അക്കാലത്ത് വയോജന വിദ്യാഭ്യാസത്തിന്റെ ഭാഗമെന്ന നിലയില്‍ സ്ക്കൂളില്‍ വെച്ച് ഒരു നൈറ്റ് ക്ലാസ്സ് നടത്തിയിരുന്നു. 1947-ല്‍ ഹൈസ്ക്കൂളിന്റെ പത്താം ക്ലാസ്സ് ഉല്‍ഘാടനം ചെയ്യപ്പെട്ടു. കുണ്ടന്നൂര്‍ മുതല്‍ പന്നിത്തടം വരെയുളള വിശാലമായ മേഖലയിലെ പതിനായിരക്കണക്കിനു കുട്ടികള്‍ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം ചെയ്തിരുന്നത് ഈ സ്ഥാപനത്തിലാണ്. 1938-ല്‍ എരുമപ്പെട്ടി ഹൈസ്ക്കൂളില്‍ ഒരു വില്ലേജ് ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നു. ഇതാണ് പിന്നീട് എരുമപ്പെട്ടി ഗ്രാമീണ വായനശാലയായി മാറിയത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും വായനശാലകള്‍ സ്ഥാപിതമായി. കൊല്ലവര്‍ഷം 1084 കുംഭം 20-ാം തീയ്യതി (1909 ഫെബ്രുവരി) അന്നത്തെ കൊച്ചി ഗവണ്‍മെന്റ് എരുമപ്പെട്ടിയില്‍ തുടങ്ങിയ പ്രൊവര്‍ത്തി ഇംഗ്ലീഷ് പ്രൈമറി സ്ക്കൂളാണ് ഈ ഗ്രാമപഞ്ചായത്തിലെ ഔപചാരിക വിദ്യാഭ്യാസത്തിന് തിരി കൊളുത്തിയതെന്ന് രേഖകളില്‍ കാണപ്പെടുന്നു. അരനൂറ്റാണ്ടു മുമ്പ് ഗ്രാമങ്ങളിലെ ജനങ്ങള്‍ രോഗമുക്തിക്കായി പ്രധാനമായും നാട്ടുചികിത്സാ രീതിയാണ് സ്വീകരിച്ചിരുന്നത്. വിലപ്പെട്ട ഒറ്റമൂലി ചികിത്സ നാട്ടില്‍ പലര്‍ക്കുമറിയാമായിരുന്നു. ഗര്‍ഭിണികള്‍ക്ക് ആശ്രയം നാട്ടിലെ വയറ്റാട്ടിമാരായിരുന്നു. അറിവുകള്‍ പിന്‍തലമുറക്കാര്‍ക്ക് കൈമാറാതിരുന്നതു കൊണ്ട് അമൂല്യങ്ങളായ ഒറ്റമൂലി ചികിത്സയും നാട്ടുചികിത്സയും ഇന്നത്തെ തലമുറയ്ക്ക് അന്യമായി. പതിറ്റാണ്ടുകള്‍ക്കു മുമ്പ് എരുമപ്പെട്ടിയില്‍ ഇന്നത്തെ സ്ക്കൂള്‍ ഗ്രൌണ്ടിന് സമീപത്തായി ഒരു ത്വക്ക് രോഗ പരിശോധനാ കേന്ദ്രം ഉണ്ടായതോടെയാണ് ഈ പഞ്ചായത്തില്‍ അലോപ്പതി ചികിത്സയ്ക്ക് തുടക്കം കുറിച്ചത്. എരുമപ്പെട്ടി പഞ്ചായത്തിലെ പഴക്കം ചെന്ന രണ്ടു പ്രധാന സ്ഥാനപങ്ങളാണ് മൃഗാശുപത്രിയും സബ്ബ് രജിസ്റ്റര്‍ ആഫീസും. ബാങ്കിംഗ് രംഗത്തെ ആദ്യത്തെ ചുവടുവെയ്പ് എരുമപ്പെട്ടിയില്‍ 1971-ല്‍ സൌത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയതോടെയാണ്.

ക്രമസമാധാനപാലന ചരിത്രം

ദശാബ്ദങ്ങള്‍ക്കുമുമ്പ് എരുമപ്പെട്ടിയില്‍ ഒരു പഞ്ചായത്തു കോടതി പ്രവര്‍ത്തിച്ചിരുന്നു. പഞ്ചായത്ത് മെമ്പര്‍മാരില്‍ നിന്നാണ് ജഡ്ജിയെ എടുത്തിരുന്നത്. അറിവും പ്രാപ്തിയുമുള്ള നാട്ടുപ്രമാണിമാരായിരുന്നു വക്കീലന്‍മാര്‍. പഞ്ചായത്ത് ഡയറക്ടറുടെ കീഴിലായിരുന്നു ഈ കോടതി. പിന്നീട് അത് ഹൈക്കോടതിയുടെ നിയന്ത്രണത്തിലായി. കരിയന്നൂര്‍ വില്ലേജ് കോര്‍ട്ട് എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ഹൈക്കോടതി രജിസ്ട്രാറിനാല്‍ നോമിനേറ്റ് ചെയ്യപ്പെടുന്നഅറിവും ജനസമ്മതിയുമുള്ള നാട്ടുകാരെയാണ് ജഡ്ജ്മാരായി വെച്ചിരുന്നത്. ആകെ 5 ജഡ്ജ്മാര്‍ ഉണ്ടായിരുന്നങ്കിലും മൂന്നു പേര്‍ കൂടിയാണ് തീര്‍പ്പു കല്പിച്ചിരുന്നത്. അമ്പതു രൂപ വരെ മൂല്യമുള്ള സിവില്‍ കേസുകള്‍ മാത്രമാണ് ഈ കോടതിയില്‍ കൈകാര്യം ചെയ്തിരുന്നത്. ടെസ്റ്റ് നടത്തിയാണ് വക്കീലന്‍മാരെ എടുത്തിരുന്നത്. നിയമ ബിരുദം ആവശ്യമില്ല. കൊച്ചിയില്‍ മാത്രം നിലവിലുണ്ടായിരുന്ന ഇത്തരം കോടതികള്‍ 1970-ല്‍ കേരള സര്‍ക്കാര്‍ നിറുത്തല്‍ ചെയ്തു. കഴിഞ്ഞ ശതാബ്ദത്തിന്റെ ആരംഭകാലത്തു തന്നെ എരുമപ്പെട്ടിയില്‍ ഒരു പോലീസ് സ്റ്റേഷന്‍ (ഔട്ട് പോസ്റ്റ്) ഉണ്ടായിരുന്നു.