ചെറുചക്കി ചോല

 തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്ക് അടുത്തുള്ള എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ചിറ്റണ്ട പുങ്ങോട് വനത്തിലൂടെ ഒഴുകുന്ന അരുവിയാണ് ചെറുചക്കി ചോല അധികമാർക്കും അറിയാതെ പ്രകൃതി ഒളിപ്പിച്ചുവച്ച അനേകം മഹാദ്‌ഭുതങ്ങളിൽ ഒന്നാണ് സുന്ദരമായ ഈ പ്രദേശം. വാമൊഴിയായി പടർന്ന് ചെറുചക്കിയുടെ മനോഹാരിത കാണാനായി ഇപ്പോൾ സഞ്ചാരികൾ പതിയെ എത്തിത്തുടങ്ങിയിട്ടുണ്ട്

ചെറുചക്കി എന്ന പേര് കേൾക്കുമ്പോൾ തന്നെ അതിനുപിന്നിൽ ഒരു കഥയുണ്ടെന്ന് നമുക്കു മനസിലാകും. പണ്ട് ഘോരവനമായിരുന്ന ഈ പ്രദേശം ഭരിച്ചിരുന്നത് ഒരു കാട്ടുമൂപ്പൻ ആയിരുന്നത്രെ. ഏറെനാൾ മക്കളില്ലാതെ കഴിച്ചുകൂട്ടിയ മൂപ്പന് വനദേവത അനുഗ്രഹിച്ച് പിറന്ന കുഞ്ഞാണ് ചെറുചക്കി. ചക്കിയെ കാടിനു പുറത്തുവിട്ടാൽ കാട് നശിക്കുമെന്ന് വനദേവത മുപ്പനോട് പറഞ്ഞെന്നും പിന്നീട് മുതിർന്ന ശേഷം പുറത്തു പോവാൻ ഒരുങ്ങിയ ചക്കിയെ മൂപ്പൻ കാട്ടിൽ കെട്ടിയിട്ടു എന്നുമാണ് കഥ. ഈ ചെറുചക്കിയുടെ കണ്ണീരാണത്രേ ചെറുചക്കി ചോലയായി ഒഴുകുന്നത് എന്നാണു കഥ.
ചോലയിലേക്ക് പോകുന്ന വഴിയിൽ ധാരാളം മരങ്ങൾ കാണാം. മൺസൂൺ കാലത്താണ് ചെറുചക്കി ചോല നിറഞ്ഞൊഴുകി കൂടുതൽ മനോഹരമാകുന്നത്. ഈ സമയത്ത് പലരും പറഞ്ഞുകേട്ട് വിനോദസഞ്ചാരികൾ ഇവിടെ എത്തുന്നു. തൃശ്ശൂർ ടൗണിൽ നിന്ന് 23 കിലോമീറ്റർ ദൂരെയാണ് ചെറുചക്കി ചോല. ചോലയിൽ എത്താൻ ഒരു കിലോമീറ്ററോളം കാടിനുള്ളിലൂടെ നടക്കണം. ഈ പ്രദേശത്ത് ഏകദേശം ഏഴോളം ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ ഉണ്ട്. മഴക്കാലത്താണ് ഇവ കൂടുതൽ സമൃദ്ധമാവുന്നത്.

അരുവികളും വെള്ളച്ചാട്ടവും ചെക്ക്ഡാമും തട്ട്മടയും നരിമടയും വാച്ച് ടവറും ഉൾപ്പെടുത്തിയുള്ള ഇക്കോ അഡ്വഞ്ചർ ടൂറിസം പദ്ധതി ഈ പ്രദേശത്ത് നടപ്പിലാക്കാൻ സംസ്‌ഥാന ടൂറിസം വകുപ്പിന്റെ പദ്ധതിയുണ്ട്. ഇതോടെ ഇവിടേക്ക് കൂടുതൽ സഞ്ചാരികൾ എത്തിച്ചേരും എന്നാണു പ്രതീക്ഷിക്കുന്നത്.
 

Cheruchakki Chola